ഇരിട്ടി: ഇരിട്ടിയിലെ എടക്കാനം റിവർ വ്യൂ പോയിന്റില്‍ കഴിഞ്ഞ ജൂലായ് 13 ന് നടന്ന അക്രമണ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേർ കൂടി റിമാൻഡിലായി.
കേസിലെ പത്താം പ്രതി കാക്കയങ്ങാട് പാലയിലെ കുന്നുമ്മല്‍ കണ്ടി ഹൗസില്‍ കെ. പി. ബൈജു ( 36 ), കാക്കയങ്ങാട് പാലയിലെ കറളത്ത് ഹൗസില്‍ അച്ചു എന്ന പി. അശ്വന്ത് (23) എന്നിവരെയാണ് ഇരിട്ടി സി ഐ എ.കുട്ടിക്കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരെയും റിമാൻഡ് ചെയ്തു.
കണ്ടാലറിയാവുന്ന 11 പേർ ഉള്‍പെടെ 15 പേർക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പു പ്രകാരം വിവിധ വകുപ്പുകള്‍ ചേർത്ത് പൊലീസ് കേസെടുത്തിരുന്നത്.
അക്രമത്തിനു പിന്നാലെ വിവിധ ദിവസങ്ങളിലായി അറസ്റ്റിലായ സി പി എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ എട്ടു പേർ ഇപ്പോഴും റിമാൻ്റിലാണ്.
എടയന്നൂർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ രണ്ടാം പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശി ദീപ് ചന്ദാ (34) ണ് കേസിലെ ഒന്നാം പ്രതി.
ഇയാള്‍ ഉള്‍പ്പെടെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പ്രതികള്‍ ഉടൻ വലയിലാകുമെന്നും ഇരിട്ടി സി ഐ എ. കുട്ടികൃഷണൻ പറഞ്ഞു.
അതേ സമയം ഈ കേസില്‍ റിമാന്റിലുള്ള പ്രതി മുഴക്കുന്ന് ഗ്രാമം ഗുണ്ടികയിലെ കൈമടയൻ ഹൗസില്‍ അക്ഷയിനെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
മുഴക്കുന്ന് പൊലീസ് ജയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലെ നാല് പേർക്കെതിരെ കാപ്പ ചുമത്തിയതായാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.
മറ്റു മൂന്നു പേരെയും അടുത്ത ദിവസങ്ങളില്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്.