ഇരിട്ടി: വിസ വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജൻസിയില്‍ നിന്ന് പണം തട്ടിയെടുത്ത് വഞ്ചിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍.
പായം വട്ട്യറ സ്വദേശി ജോണ്‍ ക്രിസ്റ്റഫറിനെയാണ് (45) കരിക്കോട്ടക്കരി സിഐ കെ.ജെ. വിനോയിയും സംഘവും എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.
അങ്ങാടിക്കടവില്‍ ട്രാവല്‍ ഏജൻസി നടത്തിയിരുന്ന വാണിയപ്പാറ സ്വദേശിനി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിസ വാഗ്ദാനം ചെയ്ത് പ്രതി 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇയാള്‍ക്കെതിരെ വിസ തട്ടിപ്പ് കേസുകളുണ്ടെന്നാണ് പോലീസിൽ നിന്നുമുള്ള വിവരം.
പ്രതിയുടെ വാക്കുകളില്‍ വിശ്വസിച്ച ട്രാവല്‍ ഏജന്‍റ് വിദേശത്തേക്ക് പോകാൻ താത്പര്യമുള്ളവരില്‍ നിന്ന് പണം വാങ്ങി ഇയാള്‍ക്ക് നല്‍കുകയായിരുന്നു.
വിസയും വാങ്ങിയ പണവും നല്‍കാതെ വഞ്ചിച്ചതിനെ തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
എസ്‌ഐ മുഹമ്മദ് നജിമി, എഎസ്‌ഐ പ്രശാന്ത്, സീനിയർ സിവില്‍ പോലീസ് ഓഫിസർ സുകേഷ് ഊരത്തൂർ, ഇരിട്ടി ഡിവൈ എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗം എ.എം. ഷിജോയി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.