കൂത്തുപറമ്പ്: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ നിർമിച്ച 50 വീടുകളുടെ താക്കോൽദാനം ഇന്ന് ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മമ്പറം ടൗണിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി അധ്യക്ഷയാകും.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത മുഖ്യയാതിഥിയാകും. വേങ്ങാട് വി ഇ ഒ സി വിപിൻ റിപ്പോർട്ട് അവതരിപ്പിക്കും.
ലൈഫ് മിഷൻ ഭവനപദ്ധതി വഴി വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 76 കുടുംബങ്ങൾക്കാണ് ഭവനം ലഭിക്കുന്നത്. ഇതിൽ അഞ്ചു വീടുകൾ അതിദാരിദ്യ കുടുംബങ്ങൾക്കും അഞ്ചു വീടുകൾ പട്ടികജാതി കുടുംബങ്ങൾക്കും 66 വീടുകൾ ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കും ആണ്.
കരാറിലേർപ്പെട്ട 50 കുടുംബങ്ങളുടെ വീടുകളാണ് പൂർത്തിയായത്. 23 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതിക്കായി ഇതുവരെ പഞ്ചായത്ത് വഴി 4,018000 രൂപ ചെലവഴിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ ആരംഭിച്ചഘട്ടം മുതൽ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ കരാർ പൂർത്തിയാക്കിയ 120 കുടുംബങ്ങളിൽ 93 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഭൂരഹിത പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ഈ വർഷം തന്നെ ഭൂമി ലഭ്യമാക്കി ഭവനത്തിനായി കരാർ പൂർത്തീകരിക്കുകയും ചെയ്യും.