ഇരിട്ടി: കർണാടകത്തില്‍ വടകര സ്വദേശിയായ മലയാളി വ്യവസായിയെ റോഡില്‍ തടഞ്ഞു നിർത്തി ആക്രമിച്ച് പണവും ഫോണും കൊള്ളയടിച്ചു.
അക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായി. ബുധനാഴ്ച രാവിലെ 11.30ഓടെ പെരുമ്പാടിക്കും ഗോണിക്കൊപ്പയ്ക്കുമിടയിലാണു സംഭവം. പെരുമ്പാടി -ഹുൻസൂർ വഴി മൈസൂരിലേക്ക് പോകുകയായിരുന്ന വടകര സ്വദേശി അബ്ബാസിനെയാണ് പിന്തുടർന്ന് എത്തിയ അക്രമി സംഘം കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്.
മഹാരാഷ്‌ട്ര രജിസ്ട്രേഷൻ കാറില്‍ എത്തിയ സംഘം മാതാ പെട്രോള്‍ പമ്പിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കാർ തടഞ്ഞു നിർത്തി അബ്ബാസിനോടു പണം ആവശ്യപ്പെടുകയായിരുന്നു.
വാഹനത്തിന്‍റെ ഗ്ലാസ് താഴ്ത്തിയതും അക്രമികളിലൊരാള്‍ വടി കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്‌ടപ്പെട്ട അബ്ബാസിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമി സംഘം വാഹനവും പണവും ഫോണുമായി കടന്നു കളയുകയായിരുന്നു. അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണു തലയില്‍ രക്തം ഒഴുകി നില്‍ക്കുന്ന അബ്ബാസിനെ സഹായിച്ചത്.
ഡ്രൈവറുടെ ഫോണ്‍ വാങ്ങി നാട്ടിലെ ബന്ധുവിനെ വിവരം അറിയിക്കുകയും കാർ ജിപിഎസ് സംവിധാനം ഉപയോഗിച്ച് ഓഫാക്കുകയും ചെയ്തു.
ഇതോടെയാണ് അക്രമി സംഘം വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഇതിനിടെ അക്രമി സംഘത്തിലെ ഒരാള്‍ പൊന്നംപേട്ട ഗോണിക്കോപ്പ റോഡില്‍ പോലീസിന്‍റെ പിടിയിലായി. മറ്റു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
കേരളത്തില്‍ ഹോട്ടല്‍ വ്യാപാരം നടത്തി വന്നിരുന്ന അബ്ബാസ് ദീപാവലി ആവശ്യങ്ങള്‍ക്കായി കടയിലേക്കു സാധങ്ങള്‍ വാങ്ങാനായി മൈസൂരുവിലേക്കു പോകുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ അബ്ബാസിനെ പിക്കപ്പ് വാനില്‍ ഗോണിക്കൊപ്പയിലെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.
ഗോണിക്കൊപ്പ പോലീസ് ഓഫീസർ പ്രദീപ് കുമാർ, വീരാജ്പേട്ട ക്രൈം പോലീസ് ഓഫീസർ വി.എസ്. വാണി, പൊന്നംപേട്ട ക്രൈം പോലീസ് ഓഫീസർ ജി. നവീൻ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
കൂത്തുപറമ്പ് സ്വദേശിയെയും ആക്രമിച്ചു
കർണാടകയിലെ കുടക് ജില്ലയില്‍ ഹൈവേ പിടിച്ചുപറി സംഘത്തിന്‍റെ ആക്രമണത്തില്‍ കൂത്തുപറമ്പ് സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട് പെരുമ്പാടിക്ക് സമീപം ഇന്നലെ പുലർച്ചെ കൂത്തുപറമ്പ് സ്വദേശിയായ റാഡിഷാണ് (30) ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ റാഡിഷ് വിരാജ്പേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് റാഡിഷ് ആക്രമിക്കപ്പെട്ടത് .
ഹൈവേയിലെ കൊള്ള പതിവ് സംഭവമാകുന്നു
അബ്ബാസിനും റാഡിഷിനും നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമല്ല . ഇതിന് മുൻപും മൈസൂരു- വീരാജ്പേട്ട റോഡില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പിന്തുടർന്ന് എത്തുന്ന അക്രമി സംഘം ഇത്തരത്തില്‍ വാഹനം ആക്രമിച്ച് പണവും വിലപ്പെട്ട വസ്തുക്കളും കൊള്ളയടിക്കുന്നതായി നിരവധി പരാതികള്‍ നിലവിലുണ്ട്.
പൊതുവെ രാത്രി കാലങ്ങളിലാണ് ഇത്തരം അക്രമി സംഘങ്ങള്‍ എത്തുന്നത്. ബസുകള്‍ ഉള്‍പ്പെടെ സംഘം അക്രമിക്കാറുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഇപ്പോള്‍ പകല്‍ സമയത്തു പോലും അക്രമികള്‍ വാഹനം തടഞ്ഞു നിർത്തി ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
ഉത്സവ കാലങ്ങളില്‍ കേരളത്തിലേക്കു കുടുംബമായി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നു പോലീസിന്റെ പ്രത്യേക നിർദേശമുണ്ട്. അക്രമി സംഘം വാഹനം റോഡിനു കുറുകെ ഇട്ടും റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചുമാണു കൊള്ള നടത്തുന്നത്.