കതിരൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം കണ്ണൂർ കതിരൂരിൽ പോളിംഗ് ബൂത്തിനകത്ത് വെച്ച് സി.പി.എം. അതിക്രമം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.പാനൂർ ബ്ലോക്ക് യു.ഡി.എഫ്. പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥിയായ കെ. ലതികയെയാണ് സി.പി.എം. പ്രവർത്തകർ ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
പോളിംഗ് ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം. പ്രവർത്തകർ ലതികയെ തടയുകയും കൈയ്യിൽ നിന്ന് വോട്ടേഴ്‌സ് ലിസ്റ്റ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങുകയും ചെയ്തു. കൂടാതെ, സ്ഥാനാർഥിയെ തള്ളിയിടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും കോൺഗ്രസ് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ.പി. സ്കൂളിലെ ബൂത്തിൽ വെച്ചാണ് ആക്രമണം നടന്നത്.
പോളിംഗ് ബൂത്തിനകത്ത് നടന്ന ഈ അതിക്രമം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും, സി.പി.എം. ക്രിമിനൽ നടപടികളാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കെ. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.