പെരളശേരി: അന്തരിച്ച മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ.കെ. നാരായണന് അന്ത്യാഭിവാദ്യമേകാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒഴുകിയെത്തി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പെരളശേരിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ചേർന്ന് മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, എടക്കാട് ഏരിയാ സെക്രട്ടറി എം.കെ. മുരളി, പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരൻ, അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ സെക്രട്ടറിയറ്റംഗം എം. സുരേന്ദ്രൻ എന്നിവരും പതാക പുതപ്പിക്കൽ ചടങ്ങിൽ പങ്കെടുത്തു.
സ്പീക്കർ എ.എൻ. ഷംസീർ, കെ.വി. സുമേഷ് എംഎൽഎ, വത്സൻ പനോളി, പി. ഹരീന്ദ്രൻ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി.വി. പ്രീത, സെക്രട്ടറി പി.കെ. ശ്യാമള, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ തുടങ്ങിയവർ പെരളശേരിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി. ജയരാജൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ എംഎൽഎ എന്നിവർ പ്രിയ നേതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. നാടിന്റെ വികസനത്തിലും പാർട്ടിയുടെ വളർച്ചയിലും കെ.കെ. നാരായണൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
