കൂത്തുപറമ്പ് നീർവേലിയില്‍ ഒരു വീട്ടില്‍ മൂന്ന് പേർ തൂങ്ങി മരിച്ച നിലയില്‍. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ മരണ വാർത്തയെത്തിയത്. നീർവേലിയിൽ നിമിഷാ നിവാസിൽ ഇ. കിഷനെയാണ് മൂര്യാട് ചമ്മാലിൽ അമ്മയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആ സമയത്ത് വീട്ടിലെത്തിയ സുഹൃത്തുക്കളാണ് കിഷനെ ആശുപത്രിയിൽ എത്തിച്ചത്. ഇതേ വീട്ടിൽ താമസിച്ചിരുന്ന അമ്മമ്മ രജിയും സഹോദരി റോജയും വലിയ വെളിച്ചത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഇവരോട് അയൽവാസികൾ ചെറുമകന്റെ ആത്മഹത്യാ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, വീടിന്റെ രണ്ട് മുറികളിലായി ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു.
കിഷൻ സുനില്‍ (19), മുത്തശ്ശി രജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. കൃഷൻ നേരത്തെ പോക്സോ കേസില്‍ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. കൊച്ചു മകൻ മരിച്ച വിഷമത്തില്‍ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.
കിഷന്റെ മരണ വാർത്ത തലശ്ശേരി ഗവ. ആശുപത്രിയിൽ നിന്നും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്, മരണ വിവരം അന്വേഷിക്കാൻ പോലീസ് മൂര്യാട് വീട്ടിലെത്തിയപ്പോഴാണ് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
