ഇരിട്ടി: ശുചിത്വ നഗരമെന്ന ഖ്യാതിക്കിടയിലും ഇരിട്ടി നഗരസഭയുടെ മൂക്കിനു താഴെ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ ചെങ്കൽ പണകൾ മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട ചെങ്കൽ പണയിലാണ് നിത്യേന ടൺ കണക്കിന് ജൈവ-അജൈവ മാലിന്യങ്ങൾ തള്ളുന്നത്.
നഗരത്തിലെ കടകളിൽ നിന്നുള്ള ചീഞ്ഞഴുകിയ പഴം-പച്ചക്കറികൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപയോഗിച്ച ഡയപ്പറുകൾ എന്നിവയാണ് ഇവിടെ കുന്നുകൂട്ടിയിരിക്കുന്നത്. ജനവാസ മേഖലയ്ക്ക് തൊട്ടുമുകളിലുള്ള ഈ കുന്നിൽ നിന്നുള്ള ഉറവകളാണ് താഴെയുള്ള കിണറുകളിലെ പ്രധാന ജലസ്രോതസ്സ്. മഴക്കാലം ആരംഭിക്കുന്നതോടെ ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള മലിനജലം താഴേക്ക് ഒഴുകി കിണറുകളിൽ കലരാൻ സാധ്യതയേറെയാണ്.
ഉറവിടമറിയാത്ത മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളുടെ ഭീതിയിലാണ് നിലവിൽ ഇരിട്ടി മേഖല. ഇതിനിടയിൽ ആശുപത്രി പരിസരത്തെ ഈ മാലിന്യ നിക്ഷേപം വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ആളൊഴിഞ്ഞ കുന്നിൻ പ്രദേശം ആയതിനാൽ ആരും ശ്രദ്ധിക്കില്ലെന്ന മുതലെടുപ്പിലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യം തള്ളുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ പ്രദേശവാസികൾ നഗരസഭയ്ക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.
