കൂത്തുപറമ്പ്: വലിയവെളിച്ചം കുമ്പളത്തോടിയിൽ ചെങ്കൽ പണയിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. നരവൂർ കുഞ്ഞിപ്പീടിക സ്വദേശി എൻ. സുധി ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കുമ്പളത്തോടിയിലെ ചെങ്കൽ ക്വാറിയിൽ ലോറിയിൽ കല്ല് കയറ്റുന്നതിനിടെ അപ്രതീക്ഷിതമായി മുകളിൽ നിന്ന് മണ്ണ് പണയോടെ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണും ചെങ്കൽ കഷ്ണങ്ങളും വീണ് സുധി അടിയിലകപ്പെടുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൂത്തുപറമ്പ് പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
