കേളകം: കണ്ണവം വനത്താൽ ചുറ്റപ്പെട്ട കോളയാട് പഞ്ചായത്തിലെ പെരുവ ഗവ. പാലയത്തുവയൽ യുപി സ്കൂളിൽ വീണ്ടും വന്യമൃഗ ഭീതി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി വിദ്യാർഥികൾ പുറത്തിറങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് സ്‌കൂൾ കോംപൗണ്ടിലേക്ക് കാട്ടുപോത്ത് ഓടിക്കയറിയത്. കാർ യാത്രക്കാരൻ കൃത്യസമയത്ത് കണ്ട് കാട്ടുപോത്തിനെ ഓടിച്ചുവിട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
48 വർഷമായിട്ടും ചുറ്റുമതിലില്ല
സ്കൂൾ സ്ഥാപിതമായി 48 വർഷം പിന്നിടുമ്പോഴും സുരക്ഷാ മതിലില്ലാത്തത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 150 ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ആന, കാട്ടുപോത്ത്, പന്നി, പുലി, വിഷപ്പാമ്പുകൾ എന്നിവയുടെ വിഹാരകേന്ദ്രമായ വനത്തിനുള്ളിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മന്ത്രിയും എംഎൽഎയും വന്നിട്ടും നടപടിയില്ല
നേരത്തെ ചെമ്പുക്കാവിൽ എത്തിയ പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിനും കെ.കെ. ശൈലജ എംഎൽഎയ്ക്കും രക്ഷിതാക്കൾ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന് ഇവർ സ്കൂൾ സന്ദർശിച്ചെങ്കിലും ചുറ്റുമതിൽ നിർമ്മാണത്തിനുള്ള നടപടികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. സ്കൂൾ മുറ്റത്ത് വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവായതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടുകയാണ് രക്ഷിതാക്കൾ.
