ഇരിക്കൂർ : കേരളത്തെ നടുക്കിയ ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ പത്ത് വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് പിടിയിലായി. ന്യൂഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെയാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്ന് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിസാഹസികമായി പ്രതികളെ വലയിലാക്കിയത്.
ക്രൂരമായ കൊലപാതകം:
2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സിദ്ദീഖ് നഗറിലെ മെരടൻ കുഞ്ഞാമിന (60) കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ച പ്രതികൾ, അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വന്തം വാടകവീട്ടിൽ വെച്ച് കഴുത്തിലും വയറിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞാമിനയുടെ രണ്ടര പവന്റെ മാലയും വളയും പണവും കവർന്നാണ് ഇവർ കടന്നുകളഞ്ഞത്.
പിടികൊടുക്കാതെ 10 വർഷം:
ആന്ധ്രാപ്രദേശിലും സമാനമായ കുറ്റകൃത്യം നടത്തി ജാമ്യത്തിലിറങ്ങിയാണ് ഇവർ കേരളത്തിലെത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാൻ സൗമ്യ, സമീറ എന്നിങ്ങനെയുള്ള വ്യാജ പേരുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. പോലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ വ്യാജ രേഖകൾ നൽകി ക്വാർട്ടേഴ്‌സ് എടുക്കുകയും, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡുകൾ ഉപയോഗിക്കുകയും ചെയ്തു. ഏഴ് ഭാഷകൾ അനായാസം സംസാരിക്കുന്ന പ്രതികൾ പത്ത് വർഷത്തിനിടെ പത്തോളം സംസ്ഥാനങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.
അന്വേഷണ സംഘം:
2016-ൽ ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2024-ലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി സുധീർ കല്ലൻ, എസ്.ഐമാരായ അബ്ദുൽ റഹൂഫ്, ഗിരീഷ്, സുധീഷ്, എഎസ്ഐ മഞ്ജുള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
