മട്ടന്നൂർ : മാനന്തവാടി - ബോയ്‌സ് ടൗണ്‍ - പേരാവൂര്‍ - ശിവപുരം - മട്ടന്നൂര്‍ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ കണ്ണൂർ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കി മഹസ്സർ തയ്യാറാക്കാനും വില നിർണ്ണയം നടത്താനും കളക്ടർ നിർദ്ദേശിച്ചു. ഇതിനായി നിലവിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. സർവെ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് കൂടുതൽ ഉപകരണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തും.
ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിൽ സർവെ വിഭാഗവുമായി സഹകരിച്ച് തുടർനടപടികൾ വേഗത്തിലാക്കും. കെ.ആർ.എഫ്.ബിയുമായി (KRFB) ചേർന്ന് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തുന്നതാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം റോഡ് നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. റവന്യു, സർവെ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു
