കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. കെ.പി. മോഹനൻ എം.എൽ.എ എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോടെ 24 മണിക്കൂറും ആശുപത്രിയിൽ പോലീസിന്റെ സേവനം ലഭ്യമാകും.
ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണ് പോലീസിന്റെ ഈ ഇടപെടൽ. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് എയ്ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് എം.എൽ.എ അറിയിച്ചു. ഒപ്പം ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാൻ സർക്കാരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭാ ചെയർപേഴ്സൺ വി. സുജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി, നഗരസഭാ വൈസ് ചെയർപേഴ്സൺ എം.വി. ശ്രീജ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ.കെ. സഹിന, ഫാത്തിമത്തുൽ ഹഷ്ന, മുഹമ്മദ് റാഫി, എം. ബിന്ദു, എം. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
