കൂത്തുപറമ്പ്: സാധാരണയായി ഡിസംബർ - ജനുവരി മാസങ്ങളിൽ പൂക്കുന്ന മാവുകൾക്ക് വിപരീതമായി ഓഗസ്റ്റ് മാസത്തിൽ തന്നെ മാവ് പൂത്ത് കൗതുകമാവുകയാണ് കൂത്തുപറമ്പ് പാറാലിൽ. പാറാൽ സൗത്ത് യുപി സ്കൂളിന് സമീപമുള്ള അനന്ദ് ഭവനിൽ ഓട്ടോ ഡ്രൈവറായ പൂവാലി ചന്ദ്രന്റെ വീട്ടുപറമ്പിലെ മാവിലാണ് ഈ പ്രതിഭാസം കാണുന്നത്.
പ്രാദേശികമായി 'കോമാങ്ങ' എന്ന് വിളിക്കുന്ന ഈ ഇനത്തിലെ മാങ്ങകൾക്ക് ഏകദേശം അരക്കിലോയോളം തൂക്കം വരും. നല്ല മാധുര്യമുള്ള ഈ മാങ്ങകൾ സ്കൂൾ കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഈ മാവിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്താണ് ഇങ്ങനെ കാലംതെറ്റി പൂക്കാൻ തുടങ്ങിയതെന്ന് ചന്ദ്രൻ പറയുന്നു.
കേരളത്തിൽ അടുത്തകാലത്തുണ്ടായ താപനില, മഴ, ഈർപ്പം എന്നിവയിലുണ്ടായ മാറ്റങ്ങളാകാം മാവുകൾ കാലംതെറ്റി പൂക്കാൻ കാരണമാകുന്നതെന്ന് റിട്ട. കൃഷി ഓഫീസർ രവീന്ദ്രൻ തൊടീക്കളം വ്യക്തമാക്കി.
