Zygo-Ad

വർഷം മുഴുവൻ വിഷരഹിത പച്ചക്കറി: മാങ്ങാട്ടിടത്ത് അഞ്ചേക്കറിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

 


മാങ്ങാട്ടിടം: വർഷം മുഴുവനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവനും കൃഷിവകുപ്പും ചേർന്ന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ അഞ്ച് ഏക്കറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൈതേരി ഇടംവയലിൽ കർഷകനായ രാജൻ മാഷുടെ ഭൂമി ഉൾപ്പെടെ മൂന്ന് വയലുകളിലായിട്ടാണ് കൃഷി. പദ്ധതിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി നിർവ്വഹിച്ചു.

കളശല്യം ഒഴിവാക്കാൻ വീഡ്‌മാറ്റ് വിരിച്ചും മൾച്ചിങ് ചെയ്തുമാണ് നിലമൊരുക്കിയത്. മണ്ണിലെ അമ്ലത്വം ഒഴിവാക്കാൻ കുമ്മായവും അഞ്ചിനം ജൈവവളങ്ങളും അടിവളമായി നൽകിയാണ് പയർ, വെണ്ട, കക്കിരി, കയ്‌പ, പൊട്ടിക്ക, ചുരക്ക, പടവലം, കുമ്പളം, വെള്ളരി, ചീര, അമര തുടങ്ങിയവയുടെ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ നട്ടത്. ഓണത്തിന് 35 ടൺ പച്ചക്കറിയാണ് ഉൽപ്പാദന ലക്ഷ്യമിടുന്നത്. കുന്നുമ്പ്രം രാജൻ, കുനിയിൽ വത്സല എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.

കൂത്തുപറമ്പിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 5 വിപണന കേന്ദ്രങ്ങൾ, പഞ്ചായത്തിലെ 3 ആഴ്ചച്ചന്തകൾ, വാർഡുകൾ തോറുമുള്ള വാഹന വിപണനം എന്നിവ വഴി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. വിപിൻ അധ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ഒ.ടി. രശ്മി, പഞ്ചായത്തംഗങ്ങളായ പ്രിയജ, എം. സമിത്ത്, എം. സജിത്ത്, കൃഷി ഓഫീസർ കെ. അഖില, കൃഷി അസിസ്റ്റന്റ് ഓഫീസർ കെ. മനോജ് കുമാർ, ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

 


വളരെ പുതിയ വളരെ പഴയ