Zygo-Ad

പൊന്ന്യം സ്രാമ്പിയിൽ ഉണ്ടായ വാഹനാപകടം, ഡ്രൈവർ ഉറങ്ങിപ്പോയത് വിനയായി; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു


 കതിരൂർ: പൊന്ന്യം സ്രാമ്പിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു. കതിരൂർ ചോയ്യാടത്തെ ബിന്ദു നിവാസിൽ ഇ.കെ. ബൈജുവിനെതിരെയാണ് (48) ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കതിരൂർ ആറാം മൈലിലെ എ.പി മൊഹത്തീബ് (46) ആണ് അപകടത്തിൽ മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിലേക്ക് ഇടുക്കാൻ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കതിരൂർ ഇൻസ്‌പെക്ടർ ഹരിദേവ് അറിയിച്ചു.

മൊഹത്തീബിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന ഭാര്യ രോഷ്‌ന, മക്കളായ ഫാത്തിമ (10), അർഹും (2) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായി വാഹനമോടിച്ചതിനും മറ്റൊരാളുടെ ജീവൻ അപായപ്പെടുത്തിയതിനും 281, 106 (1), 125 (a), 125 (b) എന്നീ വകുപ്പുകളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.


 

വളരെ പുതിയ വളരെ പഴയ