Zygo-Ad

കാത്തിരിപ്പിന് അറുതി; കുയിലൂർ വളവ്- പഴശ്ശി പദ്ധതി റോഡ് നവീകരണത്തിന് തുടക്കമായി

 


ഇരിട്ടി: വർഷങ്ങളായി തകർന്നു കിടക്കുന്ന കുയിലൂർ വളവ്-പഴശ്ശി പദ്ധതി റോഡിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. കെ.കെ. ശൈലജ എം.എൽ.എ റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഴശ്ശി പദ്ധതിയിലേക്കുള്ള ഏക മാർഗ്ഗമായ ഈ റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നത് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരുന്നു.

പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള 1.50 കിലോമീറ്റർ റോഡാണ് ബി.എം ആൻഡ് ബി.സി (BM&BC) നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ കെ.കെ. ശൈലജ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇതിനായി മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി പഴശ്ശി ജലസേചന വിഭാഗം റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയായിരുന്നു.

പ്രധാന പ്രത്യേകതകൾ:

 * 5.50 മീറ്റർ വീതിയിൽ ടാറിംഗ്.

 * 1040 മീറ്റർ ഓട നിർമ്മാണം, രണ്ട് കൾവെർട്ടുകൾ.

 * കുയിലൂർ എൽ.പി സ്‌കൂളിന് മുന്നിൽ കൈവരിയും നടപ്പാതയും.

 * അപകടസാധ്യതയുള്ള ഇടങ്ങളിൽ ഇന്റർലോക്ക് സംവിധാനവും സിഗ്നലുകളും.

ഏഴ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണത്തിന് ശേഷം മൂന്ന് വർഷം റോഡ് പൊതുമരാമത്ത് വിഭാഗം തന്നെ പരിപാലിക്കുകയും അതിന് ശേഷം ജലസേചന വിഭാഗത്തിന് തിരികെ കൈമാറുകയും ചെയ്യും.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.വി. രാജീവൻ, വാർഡ് അംഗം കെ.വി. മനോഹരൻ, സി. പ്രസന്ന, ബി. ഷംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ