മട്ടന്നൂർ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലൂർ പനമ്പറ്റ ന്യൂ യുപി സ്കൂളിന്റെ ആധുനികവത്കരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാണ് കേരളത്തിൽ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ആയിരത്തോളം സ്കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നുവെന്നും അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയ അവസ്ഥയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ 2016-ന് ശേഷം 5000 കോടിയിലധികം രൂപ ചിലവഴിച്ച് വിദ്യാലയങ്ങൾ നവീകരിച്ചതോടെ ലോകനിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമായി. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മാസങ്ങൾക്ക് മുൻപേ വിതരണം ചെയ്യാൻ കഴിയുന്നത് ഈ വലിയ മാറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്കൂൾ മാനേജർ വി.കെ സനോജ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്റൂമുകളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. സ്കൂളിന്റെ വികസനത്തിനായി പ്രവർത്തിച്ചവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
