Zygo-Ad

മാങ്ങാട്ടിടത്ത് പൊലീസിനെ ആക്രമിച്ച കേസ്: മൂന്ന് സിപിഎം പ്രവർത്തകർക്ക് നാല് വർഷം തടവും പിഴയും


 മാങ്ങാട്ടിടം കിണറ്റിന്റെവിടെ വെച്ച് കൂത്തുപറമ്പ് സിഐയും സംഘവും ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി (2) ജഡ്ജി ടിറ്റി ജോർജ്ജാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

പ്രതികളായ ബാബു (50), പത്മനാഭൻ (58), കെ. നിജിൽ (43) എന്നിവർക്കാണ് നാല് വർഷം തടവും 25,000 രൂപ വീതം പിഴയും ശിക്ഷ ലഭിച്ചത്. വിവിധ വകുപ്പുകളിലായി അഞ്ചര വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും, ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

2015 നവംബർ 3-ന് രാത്രി 9.15-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാങ്ങാട്ടിടം കിണറ്റിൻവിടയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു അന്നത്തെ കൂത്തുപറമ്പ് സിഐ പ്രേംസദനും സംഘവും. അക്രമാസക്തരായ പ്രവർത്തകർ സിഐയെയും സംഘത്തെയും ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ സിഐ പ്രേംസദന്റെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. ജയശ്രീ ഹാജരായി.

 

വളരെ പുതിയ വളരെ പഴയ