ചക്കരക്കൽ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് നടപടി. ‘ഇൻസ്റ്റാ പേ’ (Insta Pay)എന്ന ലോൺ ആപ്പിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തു.
15,000 രൂപയാണ് നിതിൻ ആപ്പിലൂടെ വായ്പ എടുത്തിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പ് അധികൃതർ നിതിനെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. നിതിന്റെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെയും ആപ്പുകാർ ശല്യം ചെയ്തിരുന്നു.
നിതിന്റെ അധ്യാപികയായ ലതയ്ക്കും ലോൺ ആപ്പിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചു.
അധ്യാപിക നൽകിയ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ നിതിനെ ചേംബറിൽ വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയത്.
പോലീസ് നടപടി: അധ്യാപിക നേരത്തെ സൈബർ സെല്ലിൽ നൽകിയ പരാതി ചക്കരക്കൽ പോലീസിന് കൈമാറിയതോടെയാണ് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് കേസെടുത്തത്.
കോളേജ് അധികൃതർ ഒളിവിൽ
നിതിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ കേസെടുത്തിരുന്ന കോളേജിലെ ഡോ. എം.കെ റാം, സംഗീതഎന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
