മാങ്ങാട്ടിടം മെരുവമ്പായിൽ ജനവാസ മേഖലയിൽ വീടിന് നേരെ ബോംബേറ്. മെരുവമ്പായി ഹെൽത്ത് സെൻ്ററിന് സമീപം താമസിക്കുന്ന സി.കെ. സുഹറയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് സൂചന. വലിയ ശബ്ദത്തോടെ ബോംബ് പൊട്ടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിൻ്റെ മുറ്റത്ത് പൊട്ടാത്ത നിലയിൽ ഒരു സ്റ്റീൽ ബോംബ് കൂടി കണ്ടെത്തിയത്. ഇത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവമറിഞ്ഞ് കൂത്തുപറമ്പ് പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കണ്ടെത്തിയ ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ ബോംബ് സ്ക്വാഡ് ആരംഭിച്ചു. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
