Zygo-Ad

കെഎസ്ആർടിസി ബസിൽ നിന്ന് അധ്യാപികയുടെ ബാഗ് കവർന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ


ഇരിട്ടി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ അധ്യാപികയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം ഇരിട്ടി പോലീസ് പിടികൂടി. ചുങ്കക്കുന്ന് സ്വദേശി പടലോടിയിൽ ജെയ്‌സൺ (51) ആണ് പോലീസിന്റെ പിടിയിലായത്. വെള്ളരിക്കുണ്ടിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയും മീനങ്ങാടി സ്വദേശിനിയുമായ ശിൽപ്പ എന്ന അധ്യാപികയുടെ ബാഗാണ് ഇയാൾ കവർന്നത്.

ടയർ മാറ്റാൻ നിർത്തിയപ്പോൾ മോഷണം

വ്യാഴാഴ്ച വൈകുന്നേരം ഇരിട്ടിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരെയെല്ലാം പുറത്തിറക്കി നിർത്തിയിരുന്നു. ഈ സമയത്ത് തന്റെ ബാഗ് സീറ്റിൽ തന്നെ വെച്ചാണ് ശിൽപ്പ പുറത്തിറങ്ങിയത്. ജോലി കഴിഞ്ഞ് ബസിൽ തിരികെ കയറിയപ്പോഴാണ് സീറ്റിലിരുന്ന ബാഗ് കാണാനില്ലെന്ന വിവരം അധ്യാപിക അറിയുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

കേളകം പോലീസിന്റെ സഹായത്തോടെ അറസ്റ്റ്

അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറി നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കേളകം പോലീസിന്റെ സഹായത്തോടെയാണ് പ്രതിയായ ജെയ്സണെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട പണവും പ്രധാനപ്പെട്ട രേഖകളും പോലീസ് കണ്ടെടുത്തു.


വളരെ പുതിയ വളരെ പഴയ