ചാല : എന്തും വിഴുങ്ങാനാകുമെന്ന പെരുമ്പാമ്പിന്റെ വമ്പ് പാഴായെങ്കിലും ശരീരഭാഗം പാതി പാമ്പിന്റെ വായിലായ കുറുനരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ചാല - കൂത്തുപറമ്പ് റോഡിൽ ചാലപ്പാലത്തിന് സമീപമുള്ള തോട്ടിലാണ് കുറുനരിയെ വിഴുങ്ങാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഈ അപൂർവ്വ കാഴ്ച കാണാൻ ചാലപ്പാലത്തിന് മുകളിൽ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
തോട്ടിൽ വെച്ച് കുറുനരിയെ വരിഞ്ഞുമുറുക്കി പകുതിയോളം വിഴുങ്ങിയ പെരുമ്പാമ്പിൻ്റെ കഴുത്തിൽ ഒരു ഇരുമ്പ് വളയം കുടുങ്ങി കിടപ്പുണ്ടായിരുന്നു. ഇതേതുടർന്ന് വായ് കൂടുതൽ തുറക്കാൻ സാധിക്കാതെ വന്നതോടെ വിഴുങ്ങാനുള്ള ശ്രമം പാമ്പ് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കുറുനരിയെ ഉപേക്ഷിച്ച് പെരുമ്പാമ്പ് തോടരികിലെ കാടുമൂടിയ ഭാഗത്തേക്ക് കടന്നുകളഞ്ഞു.
പെരുമ്പാമ്പ് കുറുനരിയെ വിഴുങ്ങുന്നത് കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ ചാലപ്പാലത്തിന് മുകളിൽ വലിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് എടക്കാട് സ്റ്റേഷനിൽനിന്ന് പൊലീസെത്തിയാണ് ജനങ്ങളെ നിയന്ത്രിക്കുകയും ഗതാഗത തടസ്സം ഒഴിവാക്കുകയും ചെയ്തത്.
