ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പാർക്കിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി ജൂലൈ ഒന്നു മുതൽ പുതിയ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇരിട്ടി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരികൾ, മോട്ടോർ ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘം നഗരത്തിൽ സംയുക്ത പരിശോധന നടത്തി.
ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവ സംഘം നേരിട്ടെത്തി വിലയിരുത്തി. വരും ദിവസങ്ങളിൽ ചേരുന്ന ട്രാഫിക് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഇതിനുശേഷം റോഡുകളിൽ അടയാളപ്പെടുത്തലുകൾ നടത്തുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
മുൻപും നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും ദിവസങ്ങൾക്കകം പഴയപടിയാകുന്ന സാഹചര്യമായിരുന്നു. എന്നാൽ ഇത്തവണ പുതിയ നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് നഗരസഭയുടെയും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം.
നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങളും നടപ്പാത കയ്യേറിയുള്ള വ്യാപാരവും കർശനമായി തടയും. രാവിലെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത ശേഷം ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ സ്വകാര്യ പേ-പാർക്കിങ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരും. നഗരത്തിലെ അംഗീകൃത പാർക്കിങ് മേഖലകളിൽ വാഹനം നിർത്താൻ അനുവദിക്കുന്ന സമയം അര മണിക്കൂറായി നിജപ്പെടുത്തും.
പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ ഇടതുവശം നോ പാർക്കിങ് മേഖലയായും വലതുവശം ഓട്ടോ സ്റ്റാൻഡായും നിലനിർത്തും. താലൂക്ക് ഓഫീസ് കവല മുതൽ കല്യാൺ കട വരെ കാറുകൾക്കും, മിൽമ ബൂത്ത് മുതൽ പഴയ ന്യൂ ഇന്ത്യ ടാക്കീസ് കവല വരെ ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം അനുവദിച്ചേക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
