ഇരിട്ടി: വൃക്ക രോഗികൾക്കും ചികിത്സാ സഹായ കമ്മിറ്റികൾക്കും അവയവം ലഭ്യമാക്കാമെന്ന് ഉറപ്പുനൽകി ലക്ഷങ്ങൾ തട്ടിയ കേസിലെ രണ്ടാം പ്രതിയെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് നെല്ലിപ്പാറ മഞ്ഞക്കാട് സ്വദേശി കരിഞ്ഞമാവിൽ നിബിൻ ജോസിനെയാണ് (33) ആറളം എസ്ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെറുകുന്നിൽ വെച്ച് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഞായറാഴ്ചയാണ് പോലീസ് വലയിലാക്കിയത്.
കേസിലെ ഒന്നാം പ്രതിയായ വീർപ്പാട് സ്വദേശി നൗഫൽ എന്ന സത്താലിനെ (32) കഴിഞ്ഞ വർഷം നവംബറിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടാനൂർ സ്വദേശിയായ നൗഫൽ എന്ന വൃക്കരോഗി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സമാഹരിച്ച ആറ് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഡോണർ എന്ന വ്യാജേന നിബിൻ ജോസിനെ രോഗിക്ക് പരിചയപ്പെടുത്തിയാണ് മൂന്ന് ലക്ഷം രൂപ നേരിട്ടും മൂന്ന് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും പ്രതികൾ കൈക്കലാക്കിയത്. 2024 ഡിസംബർ മുതലായിരുന്നു ഈ തട്ടിപ്പ് നടന്നത്.
പ്രതികൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ അവയവ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ രണ്ട് പേരിൽ നിന്നായി അഞ്ച് ലക്ഷം രൂപ വീതവും, തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് ആറ് ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുകളുണ്ട്. കൊച്ചിയിൽ വിവാദമായ അന്താരാഷ്ട്ര അവയവ തട്ടിപ്പ് കേസിലും ഇവർക്ക് പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒളിവിൽ കഴിയുന്ന സമയത്തും നിബിൻ സമാനമായ തട്ടിപ്പുകൾ തുടർന്നിരുന്നതായാണ് വിവരം. എഎസ്ഐ റഷീദ്, എസ്‍സിപിഒ ജയദേവ്, സിപിഒ രജനീഷ് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
