കേളകം: കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞിന്റെ റബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാത്രിയോടെ പുലി അകപ്പെട്ടത്. കഴിഞ്ഞ ദിവസം പുലി പിടിച്ച ആടിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. ഈ സ്ഥലത്തുനിന്ന് പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ, 500 മീറ്റർ അകലെയുള്ള പൊയ്യാമല ഭാഗത്തേക്ക് പുലി കടന്നുപോയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയോടെ പുലി കൂട്ടിലായത്.
തിങ്കളാഴ്ച രാവിലെ മുതൽ ജനപ്രതിനിധികളും നാട്ടുകാരുമായി ചേർന്ന് വനം ഉദ്യോഗസ്ഥർ പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിച്ച് വെണ്ടേക്കുംചാൽ, മീശക്കവല, പൊയ്യാമല എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി നിതിൻരാജ്, നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ. ഇലിയാസ് റാവുത്തർ, ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വനംവകുപ്പിന്റെ മുപ്പത്തിരണ്ടോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. പുലി കൂട്ടിലായെങ്കിലും രാത്രിയിൽ വനപാലകരുടെ പ്രത്യേക സ്ക്വാഡുകൾ നടത്തുന്ന നൈറ്റ് പട്രോളിങ്ങും തെർമൽ ഡ്രോൺ പരിശോധനയും കൂടുതൽ ശക്തമാക്കാൻ തന്നെയാണ് വനംവകുപ്പിന്റെ തീരുമാനം.
