മൗവഞ്ചേരി ചാല റോഡിൽ ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിന് സമീപത്തെ റോഡിന്റെ കരിങ്കൽ ഭിത്തി തകർന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ലാത്തത് വലിയ അപകടഭീതി ഉയർത്തുന്നു. നാട്ടുകാരും യാത്രക്കാരും ഈ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരക്കെ ഉയരുന്ന പരാതി.
സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ദിവസവും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. റോഡിന്റെ ഒരു വശത്തെ കരിങ്കൽ ഭിത്തിയുടെ അടിഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ റോഡിന്റെ വശങ്ങൾ ചെറുതായി ഇടിയുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ റോഡിന്റെ തൊട്ടടുത്തായി വലിയ വിള്ളലും രൂപപ്പെട്ടിരിക്കുന്നത് ജനങ്ങളിൽ കൂടുതൽ ഭീതി ഉണ്ടാക്കുന്നു. വളവുള്ള റോഡായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കൃത്യമായി കാണാൻ സാധിക്കാത്തതും അപകടസാധ്യത ഇരട്ടിയാക്കുന്നു. തകർന്ന റോഡിന്റെ ഭിത്തി എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
