റോഡ് തകർന്ന് യാത്ര ദുസഹമായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും അധികൃതർ നടപടിയെടുക്കാത്തതിൽ പൂക്കോട് തൃക്കണ്ണാപുരം കാര്യാട്ടുപുറം റോഡ് ശാപമോക്ഷം കാത്തുകിടക്കുന്നു. സ്വകാര്യ ബസുകൾ, ലോറികൾ, കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തോ പന്ത്രണ്ടോ വർഷമായി ഈ റോഡിന്റെ അവസ്ഥയിൽ യാതൊരു മാറ്റവുമില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.
കാലവർഷം ആരംഭിച്ചതോടെ ഇവിടുത്തെ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മഴക്കാലത്ത് റോഡിൽ വലിയ രീതിയിൽ ചെളിവെള്ളം നിറയുന്നത് കാൽനട യാത്രക്കാരെയും വാഹന ഡ്രൈവർമാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഡ്രെയിനേജുകൾ ഉണ്ടെങ്കിലും വർഷങ്ങളായി ശുചീകരണം നടത്താത്തതിനാൽ അവ മണ്ണുനിറഞ്ഞും കാടുപിടിച്ച നിലയിലുമാണ്. മഴവെള്ളത്തിനൊപ്പം മണ്ണും ചെളിയും ഒഴുകിയെത്തി റോഡിൽ അടിഞ്ഞുകൂടുന്നതും വലിയ കുഴികൾ വെട്ടിച്ച് വാഹനങ്ങൾ പോകാൻ ശ്രമിക്കുന്നതും തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ബഡ്ജറ്റിൽ പൂക്കോട് വരെ മെക്കാഡം ടാറിംഗ് നടത്തുന്നതിനായി നാല് കോടി രൂപ പാസായതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടില്ല. ടെൻഡർ ഏറ്റെടുക്കാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർക്ക് ലഭിച്ച വിവരം. പലതവണ പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

