മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോലീസ് ശക്തമാക്കിയ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ മെത്താംഫെറ്റാമിൻ കടത്തിയ കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിലായി. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശിയും ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരുന്ന ആളുമായ ഫിദാമൻസിലിൽ ടി ഫസലുദ്ദീനെയാണ് ഇരിട്ടി പോലീസ് ഇൻസ്പെക്ടർ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ഡെന്നി എബ്രഹാമിനെ കഴിഞ്ഞ മാസം മെത്താംഫെറ്റാമിനുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് പ്രതികളുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന ലഹരി ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്. ഫസലുദ്ദീൻ പലതവണകളായി ബംഗളൂരുവിൽ നിന്നും മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് കടത്തിയതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 22 ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പടിയൂർ സ്വദേശി ഡെന്നി എബ്രഹാം പിടിയിലാകുന്നത്. ബംഗളൂരുവിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തിയായിരുന്നു പരിശോധന.
പിടിയിലായ ഫസലുദ്ദീൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. 2006 ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യവേ മംഗലാപുരം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 10 വർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ഇടപെട്ട് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാണ് അന്ന് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് 2023 ൽ ബംഗളൂരുവിൽ വെച്ച് 50 കിലോ കഞ്ചാവ് വിൽപന നടത്തിയതിന് പിടിയിലാവുകയും മൂന്ന് വർഷത്തോളം ജയിലിൽ കഴിയുകയും ചെയ്തു. ഈ കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്.
ബംഗളൂരുവിലെ ജയിൽവാസത്തിനിടയിലാണ് ഇയാൾ വൻകിട മയക്കുമരുന്ന് മാഫിയയുമായി ബന്ധം സ്ഥാപിച്ചത്. ജയിൽ മോചിതനായ ശേഷം ഇരിട്ടി ടൗണിൽ തട്ടുകട ആരംഭിക്കുകയും ഇത് മറയാക്കി മെത്താംഫെറ്റാമിൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായി വിറ്റഴിക്കുകയുമായിരുന്നു. ഇരിട്ടിക്ക് പുറമെ തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ലഹരി ഇടപാടുകാരും ഫസലുദ്ദീനെ തേടി തട്ടുകടയിൽ എത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയലിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ പി കെ വിജയൻ, എഎസ്ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇവർക്ക് ലഹരി കടത്താൻ സാമ്പത്തിക സഹായം നൽകിയവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
