കൂത്തുപറമ്പ്: ചെറുവാഞ്ചേരി വില്ലേജിനെ പരിസ്ഥിതി ലോല മേഖല (ഇ എസ് എ) പരിധിയിൽ ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിച്ച് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ. വി. ഷിനിജയാണ് പ്രമേയം അവതരിപ്പിച്ചത്.
നിലവിലുള്ള കണക്കുകളിൽ ചെറുവാഞ്ചേരി വില്ലേജിന്റെ വിസ്തൃതിയിലും ഇ എസ് എ പരിധിയിലും പൊരുത്തക്കേടുകളുണ്ടെന്നും മറ്റ് വില്ലേജുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി അതിർത്തി വർധിപ്പിച്ചാണ് ചെറുവാഞ്ചേരിയെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ജനസാന്ദ്രതയേറിയ പ്രദേശത്തെ ഈ വിജ്ഞാപനം സ്റ്റേഡിയം, പാട്യം സാമൂഹിക ആരോഗ്യകേന്ദ്രം, വലിയവെളിച്ചം കെ എസ് ഐ ഡി സി വ്യവസായ പാർക്ക് തുടങ്ങിയ വികസന പദ്ധതികളെയും മാലിന്യസംസ്കരണ കേന്ദ്രങ്ങളെയും പ്രതികൂലമായി ബാധിക്കും. കൂടാതെ നിയമാനുസൃത ഖനന മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ തൊഴിൽ, വീടുനിർമാണം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖല എന്നിവയെല്ലാം കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാകുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും ജനവാസകേന്ദ്രങ്ങളെ ബാധിക്കാത്ത പ്രായോഗിക സമീപനമാണ് വേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനവാസ മേഖലകളെ ഇ എസ് എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയത്തിന്റെ പകർപ്പ് മുഖ്യമന്ത്രി, വനം-പരിസ്ഥിതി വകുപ്പ്, ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനും യോഗത്തിൽ തീരുമാനമായി.
