കൂത്തുപറമ്പ്: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലായി ഉണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പൊട്ടിയത് സ്റ്റീൽ ബോംബുകളാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഞായറാഴ്ച രാത്രി രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് സ്ഫോടനമുണ്ടായത്. ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് രാത്രി പതിനൊന്നോടെ സ്ഫോടനങ്ങൾ ഉണ്ടായത്. ശക്തമായ സ്ഫോടനത്തിന്റെ ആഘാതത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു.
കണ്ണവം മേഖലയിൽ മുൻപും സമാന രീതിയിൽ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് ജില്ലാ മൊബൈൽ ഫോറൻസിക് യൂണിറ്റ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് കണ്ണവം പൊലീസ് അറിയിച്ചു.
