മട്ടന്നൂർ: വീരകേരളവർമ പഴശ്ശിരാജയുടെ ചരിത്രസ്മരണകൾ പുതുതലമുറയ്ക്ക് പകർന്നുനൽകാനായി 2.64 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പഴശ്ശി സ്മൃതി മന്ദിരം കാടുമൂടി നശിക്കുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒന്നാംഘട്ട നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും സ്മാരകം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല.
സ്മൃതി മന്ദിരത്തിന്റെ കവാടം മുതൽ പുതുതായി നിർമിച്ച ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളിൽ കാട്ടുപുല്ലുകൾ വളർന്നുനിൽക്കുകയാണ്. ഇതോടൊപ്പം മന്ദിരത്തിലെ സ്റ്റേജും ഭക്ഷണശാലയും നിലവിൽ തെരുവുനായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്. പഴശ്ശിരാജയുടെ കോവിലകം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് 2014-ൽ കൂത്തമ്പലത്തിന്റെ മാതൃകയിലാണ് സ്മൃതി മന്ദിരം നിർമിച്ചത്. 2016-ൽ വീട്ടിത്തടിയിൽ തീർത്ത പഴശ്ശിരാജയുടെ പ്രതിമയും ഇവിടെ സ്ഥാപിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങൾ ചുമർചിത്രങ്ങളിലൂടെയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ചരിത്ര മ്യൂസിയം, ആംഫി തിയേറ്റർ, വിശ്രമകേന്ദ്രം, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ ഒരുക്കിയത്. എന്നാൽ രണ്ടാംഘട്ട പ്രവൃത്തികളായ ഇന്റർലോക്ക് പാകൽ, ചുമർ പെയിന്റിംഗ് തുടങ്ങിയവ പൂർത്തിയായ ശേഷമേ കേന്ദ്രം തുറന്നുനൽകൂ എന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ ഇതിന്റെ തുടർപ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഈ ചരിത്രസ്മാരകത്തിന്റെ രണ്ടാംഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് പ്രദേശവാസികളുടെയും ചരിത്രസ്നേഹികളുടെയും ആവശ്യം.
