കൂത്തുപറമ്പ്: പൂക്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും ബൈക്കും കത്തിനശിച്ചു. പൂക്കോട്ടെ പി. നിബിലിന്റെ പിക്കപ്പ് വാനും, സുഹൃത്ത് ഷാരോണിന്റെ ബൈക്കുമാണ് കത്തിനശിച്ചത്.
ബൈക്ക് പൂർണ്ണമായും, പിക്കപ്പ് വാൻ ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ 1 മണിയോടെ വഴിയാത്രക്കാരനായ ബൈക്കുകാരനാണ് വാഹനങ്ങൾക്ക് തീപിടിച്ച വിവരം സമീപത്തെ വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് ഇവരാണ് വാഹന ഉടമകളെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉടൻ തന്നെ തീയണച്ചു.
ചൂടിന്റെ കാഠിന്യത്തിൽ സമീപത്തെ വീടിന്റെ ജനലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് കൂത്തുപറമ്പ് പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ 8 വർഷത്തോളമായി ഇവിടെയാണ് വാഹനങ്ങൾ നിർത്തിയിടാറുള്ളതെന്നും ഇത് ആദ്യ അനുഭവമാണെന്നും ഉടമകൾ പറഞ്ഞു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
