പാറാൽ (കണ്ണൂർ): ശക്തമായ മഴയെത്തുടർന്ന് ഓവുചാൽ കവിഞ്ഞൊഴുകി പാറാലിലെ കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന റെക്സിൻ കടയിലാണ് വെള്ളം ഇരച്ചുകയറിയത്.
കടയിലുണ്ടായിരുന്ന റെക്സിൻ ഉൽപ്പന്നങ്ങളും തുണിത്തരങ്ങളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും വെള്ളത്തിൽ നനഞ്ഞ് നശിച്ചു. ഇതിനുപുറമെ, തൊട്ടടുത്തുള്ള പലചരക്ക് കടയിലും വെള്ളം കയറിയതോടെ ഭക്ഷ്യവസ്തുക്കൾക്കും മറ്റ് സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഓവുചാലുകളിലെ തടസ്സങ്ങളാണ് വെള്ളം റോഡിലേക്കും കടകളിലേക്കും കവിഞ്ഞൊഴുകാൻ കാരണമായതെന്ന് വ്യാപാരികൾ ആരോപിച്ചു. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
