കണ്ണവം: കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബെറിഞ്ഞ കേസിൽ രണ്ടുപേരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. ചുണ്ടയിൽ സ്വദേശികളായ ടി. അഭിനവ്, പി.കെ. പ്രബീൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25-ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണവം പോലീസും സിറ്റി പോലീസ് കമ്മീഷണർ സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അറസ്റ്റിലായ ഇരുവരും ആർ.എസ്.എസ്. പ്രവർത്തകരാണെന്നും, ഇതിൽ പ്രബീൻ കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിലെ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റേഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ലാസുകൾ തകർന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
ഈ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ബോംബ് എവിടെനിന്നാണ് ലഭിച്ചത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
