കൂത്തുപറമ്പ്: കോട്ടയം മലബാർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ബാലസംഘം പിണറായി ഏരിയ സമ്മേളനത്തിന് വിട്ടുനൽകിയതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയ യുഡിഎഫ് കോട്ടയം പഞ്ചായത്ത് ചെയർമാൻ ബൈജു പുതുക്കുടിയെ പി. സന്തോഷ് കുമാർ എംപി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ ബൈജു പുതുക്കുടി കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ സെപ്റ്റംബർ ആറിനായിരുന്നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് ബാലസംഘം സമ്മേളനം നടന്നത്. സർക്കാർ സ്കൂൾ വിട്ടു കൊടുത്തതിനെതിരെയുള്ള പരാതിയിൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശപ്രകാരം പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ നവംബർ ആറിന് സ്കൂളിലെത്തി അന്വേഷണം നടത്തുകയും പരാതിക്കാരൻ ഉൾപ്പെടെയുള്ളവരെ പങ്കടുപ്പിച്ചു ഹീയറിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ പ്രിൻസിപ്പലിന്റെ ഭർത്താവ് കൂടിയായ സന്തോഷ് കുമാർ എംപി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
എംപിയുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി യൂത്ത് കോൺഗ്രസ് കോട്ടയം മലബാർ മണ്ഡലം കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗ് കോട്ടയം പഞ്ചായത്ത് കമ്മിറ്റിയും അറിയിച്ചു. പൊതുപ്രവർത്തകർക്കെതിരെ ഭീഷണിയുടെ ഭാഷ ഉപയോഗിക്കുന്നത് ഒരു രാജ്യസഭാ എംപിക്ക് ചേർന്നതല്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭീഷണിപ്പെടുത്തി അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണെന്നും യൂത്ത് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ബൈജു പുതുക്കുടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി.
