കൂത്തുപറമ്പ് : കണ്ണൂർ - കൂത്തുപറമ്പ് റോഡിലെ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസ് പുറകിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. മുണ്ടയോട് വയൽപ്പുരയിൽ പി. സരസൻ (54) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.10-ഓടെയാണ് അപകടം സംഭവിച്ചത്.
കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 'നബീൽ' എന്ന സ്വകാര്യ ബസ് മുൻപിലുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സരസൻ തൽക്ഷണം മരിച്ചു. ബസിന്റെ ഡ്രൈവർ സീറ്റിന്റെ മുൻഭാഗമാണ് സ്കൂട്ടറിൽ ഇടിച്ചത്. കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനായ സരസൻ രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരനാണ് പരേതനായ സരസൻ. എടക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഭാര്യ: അനിഷ. മകൾ: നന്ദന (വിദ്യാർത്ഥിനി). മറ്റു സഹോദരങ്ങൾ: സതീശൻ, ഉഷ, വിനോദൻ (റിട്ട. സബ് ഇൻസ്പെക്ടർ), ഷീല, ശ്രീജ.
സംസ്കാരം വൈകുന്നേരം 5 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ (കുഴിക്കിലായി) നടക്കും.
