മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ അമ്മയെയും മകനെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെട്ടേറ്റ തില്ലങ്കേരി സ്കൂളിലെ റിട്ടയർഡ് ഹെഡ്മിസ്ട്രസ് ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ചോരയിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻ തന്നെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം പുറംലോകമറിയുന്നത്. ജ്യോതിയുടെ ഭർത്താവും റിട്ടയർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ജയകൃഷ്ണൻ രാവിലെ ക്ഷേത്രത്തിൽ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടത്. ഇരുവരുടെയും ദേഹമാസകലം വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു.
സംഭവത്തിൽ മട്ടന്നൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനുള്ളിലേക്ക് പുറത്തുനിന്ന് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണമില്ലെന്ന് പോലീസ് വ്യക്തമാക്കി. അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. പിഎസ്സി പരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു നവീൻ കൃഷ്ണൻ. മൂത്ത മകൻ നവനീത് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

