മട്ടന്നൂർ-മരുതായി റോഡിൽ ഇരുവശങ്ങളിലും പൈപ്പിടാൻ കുഴിയെടുത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. മട്ടന്നൂർ-മണ്ണൂർ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ മുന്നോടിയായാണ് റോഡരികിൽ കുടിവെള്ളവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തി നടത്തുന്നത്.
നഗരസഭാ ഓഫീസ് മുതൽ കോളാരി ബാങ്കിന് സമീപം വരെയാണ് പൈപ്പ് സ്ഥാപിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ച് മണ്ണിട്ടെങ്കിലും മഴ പെയ്തതോടെ റോഡിന്റെ ഇരുവശങ്ങളിലും കുഴിയായി മാറി. റോഡിന്റെ അരിക് ഭാഗത്തെ കരിങ്കല്ലുകൾ ഇളകിനിൽക്കുന്നതിനാൽ കാൽനടയാത്രക്കാരും കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ഇരിക്കൂർ റോഡ് കവലയിലും റോഡിൽ കുഴിയെടുത്തിട്ടുണ്ട്. മഴ പെയ്തതോടെ വെള്ളം കുത്തിയൊലിച്ച് അപകടക്കെണിയായി മാറുകയാണ്.
ബസ് ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് അപകടഭീഷണിയുള്ളത്. കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പിടാനെടുത്ത കുഴി ഉടൻ മൂടി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
മട്ടന്നൂർ-മരുതായി-മണ്ണൂർ റോഡിൽ ടൗൺ മുതൽ നഗരസഭാ ഓഫീസ് വരെയുള്ള ഭാഗം ഏറെ നാളായി തകർന്നുകിടക്കുയാണ്. ഇത് നവീകരിക്കുന്നതിന് മുന്നോടിയായാണ് പൈപ്പ് ലൈനിന്റെ പ്രവൃത്തി നടത്തുന്നത്.