കണ്ണൂർ : കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തി. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. അതുവഴി നടന്ന് പോവുകയായിരുന്ന സ്ത്രീയാണ് ആദ്യം ബൈക്കിൽ പാമ്പിനെ കണ്ട് പരിസരത്തുള്ളവരെ അറിയിച്ചത്. ബൈക്കുടമ പ്രശാന്ത് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും ടാങ്ക് കവറിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം ഷംസീർ കൂത്തുപറമ്പ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പൂച്ചക്കണ്ണൻ ഇനത്തിൽപ്പെട്ട പാമ്പിനെ പിന്നീട് കണ്ണവം വനത്തിനുള്ളിൽ വിട്ടയച്ചു. ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന മാരകമല്ലാത്ത വിഷമുള്ള ഒരിനം പാമ്പാണ് പൂച്ചക്കണ്ണൻ.