മാരക രോഗത്തിന്റെ പിടിയിലായ രണ്ടു വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ വയനാട്ടിലെ ഒരു സംഘം ജീവകാരുണ്യ പ്രവർത്തകർ സമാഹരിച്ച ചികിത്സാ സഹായ തുക കൂത്തുപറമ്പിൽ നിന്നും അടിച്ചുമാറ്റിയ യുവാവ് യാദൃശ്ചികമായി തലശ്ശേരിയിൽ കുടുങ്ങി.
കൂത്തുപറമ്പ് കൈതേരി സ്വദേശിയായ 27 കാരനായ യുവാവാണ് കബളിപ്പിക്കപ്പെട്ടവരുടെ കൈയ്യിൽ തന്നെ തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ വച്ച് അകപ്പെട്ടത്. പ്രതിയെ ബലമായി കീഴ് പെടുത്തിയ ശേഷം തലശ്ശേരി പോലീസിൽ ഏൽപിച്ചുവെങ്കിലും വിഷയം സംബന്ധിച്ച് കൂത്തുപറമ്പിൽ കേസില്ലാത്തതിനാൽ പിച്ചച്ചട്ടി മോഷ്ടിച്ച ആളെ നിയമത്തിന് മുന്നിലെത്തിക്കാനായില്ല. പെറ്റി കേസെടുത്ത് വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
പാലക്കാട് ജില്ലയിലെ ഷൊർണൂർ നഗരസഭ ഏഴാം വാർഡിലുള്ള ലിജു – നീത ദമ്പതികളുടെ മകൾ ഗൗരിലഷ്മി (2) സ്പൈനൽ മാസ്കുലർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. കുട്ടിയുടെ ചികിത്സക്കായി മൂന്ന് കോടിയോളം രൂപ വേണമായി രുന്നു. ഇതിനായാണ് വയനാട്ടിലെ കെ.എൽ. 12 മ്യൂസിഷൻ ബാൻഡ് പ്രവർത്തകരായ നാലു യുവാക്കൾ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30-ഓടെ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലെത്തിയത്. കാര്യം ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞ് യാത്രക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും സഹായം തേടി. ലഭിച്ച പണം ഇടാൻ ഒരു ബക്കറ്റ് ഇവരുടെ ജീപ്പിന് സമീപം വയ്ക്കുകയും പ്രവർത്തകർ മറ്റൊരു ബക്കറ്റുമായി സ്റ്റാൻഡിൽ പിരിവെടുക്കുകയുമായിരുന്നു. കുറച്ചു കഴിഞ്ഞു വന്നപ്പോഴാണ് പണമടങ്ങിയ ബക്കറ്റ് കാണാതായത്. മോഷണവിവരം കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അവർ കേസെടുത്തിരുന്നില്ല.
അന്വേഷണം നടത്തുന്നതിനിടയിൽ മോഷ്ടിക്കപ്പെട്ട ബക്കറ്റ് ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടിരുന്നു. സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ച പോലിസ് സംഘം മോഷ്ടാവിന്റെ ദൃശ്യം പരാതിക്കാരെ കാണിച്ചിരുന്നു.
ഇതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് മ്യൂസിഷ്യൻ ബാന്റ് സംഘത്തിലെ കെ.കെ.സാദിഖ്, കെ.എം.ഹാ രിസ്, പി.ആഷിഖ്, ഒ.അർഷാദ് എന്നിവർ പറഞ്ഞു. മാരക രോഗബാധിതരായ നിർധന കുടുംബാംഗങ്ങൾക്കായി മുൻപും നാൽവർ സംഘം ചികിത്സാ സഹായം സ്വരൂപിച്ചിട്ടുണ്ട്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതിൽ നിരാശയില്ലെന്നും കരുതലോടെ ഇനിയും ജീവകാരുണ്യ പ്രവർത്തനം തുടരുമെന്നും ഇവർ ഓപ്പൺ മലയാളത്തോട് പറഞ്ഞു.