കണിയാർവയൽ- ഉളിക്കൽ റോഡിൽ കാഞ്ഞിലേരി പുഴയോരം കെട്ടി ബലപ്പെടുത്താൻ നടപടിയില്ല. മഴ തുടങ്ങിയതോടെ റോഡിനോടുചേർന്ന പുഴയോരം ഏതുനിമിഷവും പുഴയിലേക്ക് ഇടിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. 62. 12 കോടി രൂപ ചെലവിലാണ് കണിയാർ വയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് നിർമിച്ചത്.
18 കിലോമീറ്റർ വരുന്ന റോഡ് ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഏറനാട് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 12 മീറ്റർ വീതിയിലാണ് വികസിപ്പിച്ചത്. 2018-ൽ നിർമാണം തുടങ്ങിയിട്ടും ഇപ്പോഴും റോഡ് പണി
പൂർത്തിയായില്ല.
പുഴയോരം കെട്ടി ബലപ്പെടുത്താൻ കോടികൾ ചെലവുവരുന്നതുകൊണ്ട് നിലവിലെ സംവിധാനത്തിൽ ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
റോഡ് കടന്നുപോകുന്ന നാല് സ്ഥലങ്ങളിൽ പുഴയോരത്ത് സംരക്ഷണഭിത്തി കെട്ടാനുണ്ട്. ചുരുങ്ങിയത് നാലുകോടി രൂപയെങ്കിലും ചെലവാകുമെന്നാണ് പി. ഡബ്ല്യു. ഡി. വിലയിരുത്തൽ.