മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമായി നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് എന്നീ പ്രവർത്തനങ്ങളെല്ലാം സമാധാനപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുവരുത്തണം. താഴെ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഈ സന്ദേശം എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും.
വോട്ടെടുപ്പ് ദിവസം സമീപ പഞ്ചായത്തുകളിൽ നിന്ന് ആളുകൾ മട്ടന്നൂരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്കായി മട്ടന്നൂരിൽ ആഗസ്റ്റ് 13ന് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരും.
നഗരസഭയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായ പരാതിയിൽ പരിശോധിച്ച് നടപടി ആവശ്യമെങ്കിൽ കൈക്കൊള്ളുമെന്ന് കലക്ടർ അറിയിച്ചു.
ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, റിട്ടേണിംഗ് ഓഫീസർ പി കാർത്തിക്, സിറ്റി ഡിവൈഎസ്പി പി കെ ധനഞ്ജയ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.