ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുവ്വം കടവിൽ ജില്ലാ പഞ്ചായത്ത് 2.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ ജലാശയത്തിൽ കട്‌ല, റോഹു, മൃഗാൾ ഇനം മത്സ്യകുഞ്ഞുങ്ങനെ നിക്ഷേപിച്ചത്.
പടിയൂർ പുവ്വം കടവിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, അംഗം എൻ.പി. ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് ആർ. മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സതീഷ് ബാബു, ഇരിട്ടി റൂറൽ ബാങ്ക് പ്രസിഡന്റ് കെ. ശ്രീധരൻ, പടിയൂർ പഞ്ചായത്ത് അംഗങ്ങളായ കെ. ശോഭന, കെ.വി. തങ്കമണി, ആർ. രാജൻ, ഫിഷറീസ് കണ്ണൂർ ഡപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി, അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫിസർ കെ.വി. സരിത, പ്രൊജക്ട് കോ – ഓർഡിനേറ്റർമാരായ കെ.പി. ദീപ, ബിന്ദ്യ ഭാർഗവൻ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ഇക്കുറി ജില്ലയിൽ പൊതു ജലാശയങ്ങളിൽ 5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. 2.5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ പഴയങ്ങാടി മേഖലയിൽ ഉപ്പുവെള്ളത്തിൽ (ഓരുജലം) നിക്ഷേപിക്കും. ഫിഷറീസ് വകുപ്പിന്റെ മലപ്പുറം കല്ലാനോടെ ഹാച്ചറിയിൽ വിരിയിച്ചതാണ് കുഞ്ഞുങ്ങൾ. 4 മുതൽ 8 സെന്റീ മീറ്റർ വരെ വലുപ്പം ഉള്ളവയാണ് ഇപ്പോൾ പഴശ്ശിയിൽ നിക്ഷേപിച്ച മത്സ്യ കുഞ്ഞുങ്ങൾ. ഇവ 6 മാസത്തിനകം പൂർണ വളർച്ച എത്തും