കൊട്ടിയൂർ: കുടുംബവീട്ടിൽ വെച്ച് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം വനത്തിലേക്ക് ഓടിക്കയറിയ ആൾക്കായി വനംവകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കി. അമ്പായത്തോട് ആച്ചേരികുഴിൽ വീട്ടിൽ രാജേന്ദ്രനെയാണ് (രാജേഷ് - 50) ഞായറാഴ്ച പകൽ രണ്ട് മണി മുതൽ കാണാതായത്.
ഭാര്യവീട്ടിൽ വെച്ച് കഴുത്തിൽ മുറിവേൽപ്പിച്ച രാജേഷ്, തൊട്ടടുത്തുള്ള 1967-ലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്കാണ് ഓടിക്കയറിയത്. വനംവകുപ്പിന്റെ മണത്തണ സെക്ഷൻ, കൊട്ടിയൂർ വൈൽഡ് ലൈഫ് സ്റ്റാഫ്, ആർ.ആർ.ടി യൂണിറ്റ്, പൊലീസ് എന്നിവർ നാട്ടുകാരുടെ സഹകരണത്തോടെ വനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. തിരച്ചിലിനിടെ പ്ലാന്റേഷൻ ഭാഗത്തുനിന്ന് രക്തക്കറ പുരണ്ട ഒരു ടീഷർട്ട് കണ്ടെത്തിയിട്ടുണ്ട്. ഇത് രാജേഷിന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ ആർ.ആർ.ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചും, വൈകുന്നേരത്തോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും പരിശോധന നടത്തിയെങ്കിലും രാജേഷിനെ കണ്ടെത്താനായില്ല. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഞായറാഴ്ച രാത്രിയോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. പരിക്കേറ്റതിനാൽ ഇയാൾ അവശനാകാനുള്ള സാധ്യതയും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
