കൂത്തുപറമ്പ് നഗരത്തെ അമൃത് പദ്ധതിയിലുൾപ്പെടുത്തി സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. 3020 പേർക്ക് ശുദ്ധജലമെത്തിക്കുന്നതിന് 10. 07 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചത്. 42. 50 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനിടുന്നതടക്കമുള്ള വിശദമായ പദ്ധതി രേഖ ഇതിനകം സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തന പുരോഗ തി വിലയിരുത്താൻ കെ. പി മോഹനൻ എം എൽഎയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് അമൃത് പദ്ധതി സംബന്ധിച്ച ചർച്ച നടന്നത്. ജലജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. മൊകേരി, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിൽ ടാങ്ക് നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയതായും അഞ്ച് പഞ്ചായത്തുകൾക്ക് ആവശ്യമായ കുടിവെള്ളം സംഭരിക്കാനുള്ള ടാങ്ക് നിർമിക്കാൻ ഇരിട്ടി നഗരസഭയിലെ മുത്തപ്പൻ ഗിരിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം വില കൊടുത്തുവാങ്ങാനുള്ള നടപടികൾ തുടങ്ങിയതായും യോഗത്തിൽ റിപ്പോർട്ട് ചെയ്തു.