ആയുഷ് ചികിത്സാ സമ്പ്രദായങ്ങളിൽ ഉൾപ്പെടുന്ന സിദ്ധ ചികിത്സയ്ക്ക് കേരളത്തിൽ പ്രാധാന്യം വർധിച്ചു വരുന്നതായി കെ പി മോഹനൻ എംഎൽഎ . ആറാമത് സിദ്ധദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൂത്തുപറമ്പ് മാറോളി ഘട്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ശാന്തിഗിരി ആശ്രമത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും സിദ്ധ എക്‌സ്‌പോയും ആരോഗ്യ പാചക മത്സരവും കലാപരിപാടികളും നടത്തി. സിദ്ധവൈദ്യത്തിലെ സവിശേഷ ചികിത്സാ രീതിയായ വർമ്മ ചികിത്സയുടെ ഒ പി വിഭാഗത്തിൽ വൻ ജന തിരക്കാണ് അനുഭവപ്പെട്ടത്. സിദ്ധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു.
കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്‌സൺ വി സുജാത ടീച്ചർ അധ്യക്ഷയായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജാമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ കെ സി അജിത് കുമാർ ദിനാചരണ സന്ദേശം നൽകി. ശാന്തിഗിരി ആശ്രമം തലശ്ശേരി, കണ്ണൂർ ഏരിയ അഡ്മിനിസ്‌ട്രേഷൻ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വി, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ അജിത, തലശ്ശേരി ഗവ. ആയുർവേദ ആശുപത്രി സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. എം വിധുപ്രിയ, ഡോ എം മുരളീധരൻ, ഡോ. എസ് സംഘമിത്ര എസ്, ഡോ ഒ സൗമ്യ എന്നിവർ സംസാരിച്ചു