കണ്ണൂർ: പാനൂർ മേഖലയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിൻ്റെ പേരിൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ കയറി ഡി സി സി ജനറൽ സെക്രട്ടറിയും ആശുപത്രി ചെയർമാനുമായ കെ.പി. സാജുവിനു നേരെ ഭീഷണി മുഴക്കിയ കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിലിനെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളിൽ പ്രതിയല്ലാത്ത സാജുവിനെ ആശുപത്രി ജീവനക്കാരുടെ യോഗം നടക്കവേയാണ് പ്രസിഡണ്ടിന്റെ റൂമിൽ കയറി എ സി പി ഭീഷണിപ്പെടുത്തുകയും കേട്ടാൽ അറക്കുന്ന തെറി വിളിക്കുകയും ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മുഴുവൻ ബി ജെ പി ക്കാരായ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . അക്രമങ്ങളിൽ ഉൾപ്പെട്ട ബി ജെ പി ക്രിമിനലുകളെ പിടികൂടാതെ ഭരണകക്ഷി നേതാക്കളുടെ താല്പര്യത്തിൽ കോൺഗ്രസ് നേതാക്കളോട് കുതിര കയറാൻ വന്നാൽ അതംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല. പൊതുപ്രവർത്തകരോടുള്ള ഈ പോലീസുദ്യോഗസ്ഥൻ്റെ സമീപനം ഇതിനു മുമ്പും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സി പി എം നേതാക്കളുടെ വിനീതവിധേയനായി കാക്കിയണിഞ്ഞ് അതിൻ്റെ മാന്യത കൈവിട്ട് പ്രവർത്തിക്കുന്ന എ സി പി യെ നിലയ്ക്കു നിർത്താൻ മേലധികാരികൾ തയ്യാറാകണം. ഇന്ദിരാഗാന്ധി സഹകരണാശുപത്രി പോലെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് എ സി പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അഡ്വ. മാർട്ടിൻ ജോർജ്ജ് വ്യക്തമാക്കി.