മാങ്ങാട്ടിടത്തെ റെഡ് ചില്ലിസ് പദ്ധതിയെ അറിയാൻ ലോക ബാങ്കിൽ നിന്നുള്ള സംഘമെത്തി. കേരള സർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സാധ്യതകൾ മനസിലാക്കി ലോക ബാങ്കിന്റെ കൂടി സഹകരണത്തോടെ പദ്ധതി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം കേരളത്തിലെത്തിയത്. മാങ്ങാട്ടിടത്തെ മുളക് പാടവും സംഭരണ കേന്ദ്രവും കരിയിലെ ഡ്രയർ യൂണിറ്റും സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ഉൽപ്പന്നത്തിന് വിപണനം കണ്ടെത്തുന്നതിനടക്കമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.
ലോക ബാങ്ക് പ്രതിനിധി സീനിയർ ഇക്കണോമിസ്റ്റ് ആന്റെസ് എഫ് ഗാർസ്യയാണ് സന്ദർശനം നടത്തിയത്. സുരേഷ് തമ്പി, പി വി ജിതേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ, കൃഷി ഓഫീസർ എ സൗമ്യ, ആർ വിപിൻ, സന്തോഷ് കുമാർ, കർഷകർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.