മട്ടന്നൂർ: വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ 110 കെ.വി. സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം 18-ന് രാവിലെ 11-ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. നിർമാണം പൂർത്തിയായ സബ്‌സ്റ്റേഷൻ കഴിഞ്ഞ ഡിസംബറിൽ കമ്മിഷൻ ചെയ്തിരുന്നു.
പാർക്കിൽ വൈദ്യുതി എത്തിക്കുന്നതിന് 15 കോടി രൂപ ചെലവിട്ടാണ് സബ്‌സ്റ്റേഷൻ നിർമിച്ചത്.
കാഞ്ഞിരോട് 220 കെ.വി. സബ്‌സ്റ്റേഷനിൽനിന്ന് മട്ടന്നൂർ 110 കെ.വി. സബ്‌സ്റ്റേഷനിലേക്കുള്ള ലൈനിൽ പുതുതായി ടവർ സ്ഥാപിച്ച് ലൈൻ നിർമിച്ചാണ് പാർക്കിലെ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ടവറുകൾ, ട്രാൻസ്‌ഫോർമറുകൾ, കൺട്രോൾ റൂം എന്നിവയുടെ പണി പൂർത്തിയായി.
വ്യവസായ പാർക്കിൽ രണ്ടേക്കർ സ്ഥലത്താണ് സബ്‌സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി.യും കിൻഫ്രയും തുല്യമായാണ് നിർമാണച്ചെലവ് വഹിച്ചത്. ശങ്കർ അസോസിയേറ്റ്‌സാണ് പ്രവൃത്തി നടത്തിയത്.
പാർക്കിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതോടൊപ്പം 11 കെ.വി. ഫീഡറുകൾ വഴി പ്രാദേശികമായും വൈദ്യുതി വിതരണം ചെയ്യും. മട്ടന്നൂർ ടൗണിലും ഇരിക്കൂർ, കീഴല്ലൂർ, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലുമുള്ള ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.
സബ്‌സ്റ്റേഷനോടൊപ്പം 2021 സെപ്റ്റംബറിൽ തറക്കല്ലിട്ട കിൻഫ്ര അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുെട നിർമാണം പുരോഗമിക്കുകയാണ്.